Tuesday 7 August 2018

ഉങ്ങുമരവും ഉങ്ങുംതറയും
******************************

പ്രധാന പാതയോരത്തെ  സര്‍ക്കാരു കിണറും അധികം അകലെയല്ലാതെ വളര്‍ന്നു നിന്നിരുന്ന  വലിയ പൂവരസ്സു മരവും  എന്‍റെ  ഗ്രാമത്തിന്‍റെ പഴയ അടയാള ചിഹ്നങ്ങളായിരുന്നു.....ഇവ രണ്ടും  മണ്ണോടു ചേര്‍ന്ന് ചരിത്രമായിട്ട് പതിറ്റാണ്ടുകളായി....

ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദോസ്ത് ലൈറ്റ്സ് & സൗണ്ട്സിന്‍റെ  ഉടമസ്ഥനായിരുന്ന   ഷൌക്കത്തെന്ന ആലിക്കാക്കു പഴയ പൂവരസ്സിനു പകരം തന്‍റെ കടയുടെ മുറ്റത്ത് ഒരു ഉങ്ങുമരത്തൈ നട്ടു പിടിപ്പിച്ചു....

ആലിക്കാക്കു നനച്ചു വളര്‍ത്തിയ ആ കുഞ്ഞു  തൈ  വലിയൊരു തണല്‍മരമായി വളര്‍ന്നുപന്തലിച്ചു ..
പക്ഷെ, ആ ഉങ്ങുമരത്തിന്‍റെ ഗുണങ്ങള്‍ കൂടുതല്‍ ആസ്വദിക്കാന്‍ ആലിക്കാക്കു  കാത്തുനിന്നില്ല....അദ്ദേഹം ഓര്‍മ്മയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു....

സര്‍ക്കാരു കിണറും, പൂവരസ്സു മരവും മണ്ണടിഞ്ഞ് ഒരു വലിയ   ഇടവേളക്കു ശേഷം ആലിക്കാക്കുവിന്‍റെ ഈ  ഉങ്ങുമരവും, മരത്തിനു ചുറ്റും ചതുരാകൃതിയില്‍ കോണ്‍ക്രീറ്റുകൊണ്ടു കെട്ടി  മനോഹരമാക്കിയ   ഉങ്ങുംതറയും ഗ്രാമത്തിന്‍റെ പുതിയ  അടയാള ചിഹ്നമായി മാറി....

വസന്തകാലത്ത് സുഗന്ധപ്പൂക്കള്‍ പൊഴിച്ച്....
ഉഷ്ണത്തിനു തണലിട്ട്....കൊടുംചൂടിലും കുളിരേകി......
ചുമടേറ്റി വരുന്നവര്‍ക്ക് അത്താണിയായി...
വഴിതെറ്റിയെത്തുന്നവര്‍ക്ക് വഴികാട്ടിയായി....
ഗ്രാമത്തിലെ മുതിര്‍ന്നവര്‍ക്ക് ഇരിപ്പിടമായി....
ഒരുപാടുപേര്‍ക്ക് കിടപ്പാടമായി......
അങ്ങനെയങ്ങനെ... .കാപ്പുകാര്‍ക്ക്   ഒഴിച്ചുകൂടാന്‍ പറ്റാതെ ജീവിതത്തിന്‍റെ   ഭാഗമായി ഈ ഉങ്ങുമരവും ഉങ്ങുംതറയും....

കളിയും, സിനിമയും, രാഷ്‌ട്രീയവുമൊക്കെ  ചര്‍ച്ചകള്‍ക്ക് വിധേയമാക്കുമ്പോള്‍ നിശ്ശബ്ദത വഴിമാറും...പിന്നെ ഗോര ശബ്ദങ്ങളില്‍  വാചകക്കസര്‍ത്തുകളുടെയും, ആക്രോഷങ്ങളുടെയും, വെല്ലുവിളികളുടെയും പോരാട്ട വേദിയായി മാറും ഈ ഉങ്ങുംതറ....

പഞ്ച ഗുസ്തിയും, വടം വലിയും, തീറ്റമത്സരവുമടങ്ങുന്ന കായിക മത്സരങ്ങളും....പാട്ടും, മിമിക്രിയും, മോണോ ആക്ടും ഉള്‍പ്പെടെയുള്ള കലാവിരുന്നുകളുമൊരുക്കി ഉങ്ങുംതറയുടെ പിറന്നാള്‍ വാര്‍ഷികം ഒരു ഉത്സവം തന്നെയായി ആഘോഷിച്ചിരുന്നു മുമ്പ് .....

വീട്ടിലെ കിടക്കപ്പായയേക്കാള്‍ എന്‍റെ  കൗമാരം ഏറെ പുണര്‍ന്നത് ഈ ഉങ്ങുംതറയെ ആയിരുന്നു...

നിലാവുള്ള രാത്രികളില്‍ ഉങ്ങുമരച്ചില്ലകള്‍ക്കിടയിലൂടെ ആകാശത്തിന്‍റെ അനന്തതയിലേക്ക് കണ്ണുകളയച്ച്... കാരണവന്മാര്‍ പറഞ്ഞുതരുന്ന കഥകളിലേക്ക് കാതുകള്‍ കൂര്‍പ്പിച്ച്...കൂട്ടുകാര്‍ പാടുന്ന രാഗങ്ങള്‍ക്ക്   താളംപിടിച്ച് .....ഉറക്കം പോലും കടന്നുവരാന്‍ മടിക്കുന്ന സുന്ദരമായ രാവുകളുടെ  അനുഭൂതികളില്‍ അലിഞ്ഞലിഞ്ഞ്...   ഉങ്ങുമരത്തിന്‍റെ മടിത്തട്ടില്‍ തലവെച്ച്   നീണ്ടുനിവര്‍ന്നങ്ങനെ കിടന്നത് എണ്ണമറ്റ രാത്രികളാണ്.....






Thursday 26 July 2018

അപ്പൊ ഞാനാരാ...??




"ഇമ്മച്ച്യെ...മ്മച്ച്യെ....പിന്നെല്ലേ.....നങ്ങളെയ്.... നങ്ങളെ ടീച്ചറില്ലേ....നങ്ങളെ...ടീച്ചറേയ്........ ഈ ഫാദറും മദറൊക്കെല്ലേ...അതൊക്കെ പടിച്ച്  ചെല്ലാനേയ്.... പറഞ്ഞുക്കുണൂ...."
 പെങ്ങളുടെ  രണ്ടാമത്തെ മോള്‍  ആയിഷ ഹന സ്കൂളില്‍ നിന്നുള്ള  വരവാണ്.

"അപ്പൊ അന്‍റെ ഫാദറും മദറൊക്കെ ആരാന്ന് അനക്കറീലെ ഹനാ..??"
സ്കൂള്‍ യൂനീഫോമിന്‍റെ ബട്ടന്‍സ് അഴിച്ചെടുക്കുന്നതിനിടയില്‍ ഫസീല ചോദിച്ചു...

"അതേയ്...ഇഞ്ചേയ്...ഞ്ചെ വാപ്പല്ലേ....ഞ്ചെ വാപ്പ  ഫാദറ്....ഏ   ..പിന്നേയ്....ഞ്ചെ..മ്മച്ചി ....മദറ്....അല്ലെ..?"
ഹന പറഞ്ഞൊപ്പിച്ചു.

ഫസി: അപ്പൊ  ഫാദറും  മദറൊക്കെ ആരാന്ന് അനക്കെന്നെ അറിയാലോ..പിന്നെ ഞാനെന്ത്‌ പടിപ്പിച്ച് തരാനാ...??

ഹന: പിന്നേ.......പിന്നെ.... ബദറും സിസ്സറും...

ഫസി: ഹ്ഹിഹി....എന്താ....അത്..?

ഹന: ബദറും സിസ്സറൂംന്ന്.....അതൊക്കെ പടിച്ച്  ചെല്ലാനേയ്.....  നങ്ങളെ ടീച്ചറ് പറഞ്ഞുക്കുണേയ്...

അത് കേട്ടുകൊണ്ടാണ്  ഹിബ ആ റൂമിലേക്ക് വരുന്നത്.

"ഇമ്മാ....ബദറാത്തരേ...ഹിഹിഹി...ഹഹഹ...നിസ്സാര കാര്യത്തിന് പോലും നിര്‍ത്താതെ ചിരിക്കുന്ന ഹിബാക്ക്  വേറെ എന്തുവേണം ...
ചിരിയുടെ മാലപ്പടക്കത്തിന് തീ കൊടുത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ....
ഫസീലാക്കും ചിരിയടക്കാനായില്ല....ഫസിയും  ഹിബയും മത്സരിച്ചു  ചിരിക്കുകയാണ്.....
കാര്യം മനസ്സിലായില്ലെങ്കിലും ഉമ്മയും പെങ്ങളും ചിരിക്കുന്നത് കണ്ട്   ഒന്നര വയസ്സുകാരന്‍   ഹാദിയും ആര്‍ത്തു ചിരിക്കുന്നുണ്ട് ....

മൂവര്‍ സംഖത്തിന്റെ ഈ   കൂട്ടച്ചിരി ഹനമോള്‍ക്ക്  അത്രക്കങ്ങോട്ട് രസിച്ചിട്ടില്ല....
സീരിയസ്സായിട്ട് ഒരു കാര്യം പറഞ്ഞതിന് എന്താ ഇത്രമാത്രം ചിരിക്കാന്‍ എന്ന ഭാവമാണ് അവളുടെ മുഖത്ത്...

അവര്‍ മൂന്നുപേരുടെയും  നോണ്‍സ്റ്റോപ്പ്  ചിരി കണ്ട് ഹനക്ക് അരിശം മൂത്തു....അവളുടെ മൂര്‍ദ്ധാവിലെ ചുരുണ്ട മുടി നിവര്‍ന്നു  നിന്നു...ദേഷ്യത്തോടെ അവളലറി...."നിര്‍ത്തീം....ആരും ചിര്‍ച്ചണ്ടാ..ണ്ടാ...ണ്ടാ..."

ഇനിയും ചിരിച്ചാല്‍ ഉണ്ടായേക്കാവുന്ന കഷ്ട നഷ്ടങ്ങളെയോര്‍ത്ത് അവര്‍ ചിരിക്ക് സഡന്‍ബ്രേക്കിട്ടു..

ഫസി മുഖത്തെ ചിരി  മായ്ച്ചു കളഞ്ഞു....  സീരിയസ്സായിട്ട് പറഞ്ഞു:

 ":പെണ്ണേ ബദറും സിസ്സറൊന്നും അല്ല...ബ്രദറും സിസ്റ്ററും....അങ്ങനെ പറയാ..."

ഹന: അപ്പൊ...അപ്പൊ ഞാനും അതന്നെ പറഞ്ഞതേയ്....

ഫസി: ആ...അതുപോട്ടെ ....ഞ്ഞി അതൊക്കെ ആരാന്ന്   ഞാന്‍  പടിപ്പിച്ചേരാ.... ശരിക്ക് പടിച്ചോ ട്ടോ

ഹന: ഉം

ഫസി: വാപ്പ അന്‍റെ ആരാ..?
ഹന: ഫാദറ്
ഫസി: ഞാനോ..?
ഹന: മദറ്
ഫസി : അപ്പൊ ഹിബ അന്‍റെ സിസ്റ്റര്‍....ഹിബ അന്‍റെ ആരാണെ...??
ഹന: സിറ്ററ്
ഫസി: സിറ്ററല്ല.... സി..സ്റ്റ...ര്‍........സിസ്റ്റര്‍
ഹന: സിസ്..റ്ററ്
ഫസി: അപ്പൊ ഹാദി അന്‍റെ ആരാ...?
ഹന: ഇച്ചറീല...
ഫസി: ഹാദി അന്‍റെ ബ്രദര്‍....ഹാദി അന്‍റെ ആരാണെ..??
ഹന :ഹാദി  ഇന്‍റെ    ബ്റ..ദ..റ്...
ഫസി : ഇപ്പൊ ഒക്കെ പടിഞ്ഞിലേ...?
ഹന : ആ... ഒക്കെ പടിഞ്ഞല്ലോ....
പിന്നേയ്...ഇമ്മച്ച്യെ...പിന്നെല്ലേ...അപ്പളേയ്...ഞാനാരാ....???

ഫസി ഹനയുടെ മുഖത്തേക്ക് ശരിക്കൊന്ന് നോക്കി....മൂക്ക് വിടര്‍ത്തി ശ്വാസം  ഒന്ന് വലിച്ചുവിട്ടു....
"അട്ക്കളീന്ന്  എന്തോ ഒരു കരിഞ്ഞ മണം വെരണ്ണ്ടല്ലോ...പടച്ചോനെ ചോറ്റിലെ വെള്ളം വറ്റ്യോ...." ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് അവള്‍ പെട്ടെന്നു തന്നെ അടുക്കളയിലേക്ക് സ്കൂട്ടായി....














"അയ്മ്പത് കിലോം കടുക്"





വീടിന്‍റെ അടുക്കളപ്പുറത്തേക്ക്  ചാഞ്ഞുനില്‍ക്കുന്ന പറങ്കിമാവ് നീറുകളുടെ സാമ്രാജ്യമായിരുന്നു.   മേലാസകലം വെണ്ണീരു  തേച്ചുപിടിപ്പിച്ച് ഒരു വലിയ പോരാട്ടത്തിലൂടെ     നീറുകളെയെല്ലാം  കുടിയൊഴിപ്പിച്ച് ഞാനും അനുജനും ആ  പറങ്കിമാവ്  കയ്യേറിയത്   ഒരു സ്കൂള്‍ അവധിക്കാലത്തായിരുന്നു. പിന്നീടുള്ള രണ്ടുമാസക്കാലം പെരിന്തല്‍മണ്ണ ടൂ ആനമൂളി ബസ്സായിരുന്നു ഞങ്ങള്‍ക്ക് ആ പറങ്കിമാവ്. അവന്‍ ഡ്രൈവര്‍...ഞാന്‍ കണ്ടക്ടര്‍... ആനവണ്ടിയാകുമ്പോള്‍ രണ്ടുപേര്‍ മതിയല്ലോ...ഒരു  ഉച്ചസമയം  ബസ്സ്‌ ആന്മൂളിയിലേക്കുള്ള യാത്രയിലാണ്....

ചേനയും ചേമ്പിന്‍തണ്ടും ചക്കക്കുരുവും എന്നുവേണ്ട  കയ്യില്‍ കിട്ടിയതെല്ലാം വെട്ടിനുറുക്കി ഒരു   കലത്തിലിട്ട്  പുളിയൊഴിച്ച് അടുപ്പത്ത് വെച്ച് 'പടുകൂട്ടാന്‍' ഉണ്ടാക്കുകയാണ് ഉമ്മ. പള്ളിയില്‍ നിന്നും ളുഹര്‍ നിസ്കാരം കഴിഞ്ഞിറങ്ങുമ്പോഴേക്ക്    ചോറും കൂട്ടാനും റെഡിയാവണം. നിസ്കാരം കഴിഞ്ഞ് വല്യുപ്പ വീട്ടിലെത്തിയാല്‍ പിന്നെ ചോറു വിളമ്പാന്‍ വൈകില്ല . അതാണ്‌ പതിവ്. പടുകൂട്ടാനിലേക്ക് തേങ്ങയും ജീരകവും  അരച്ചൊഴിച്ചപ്പോഴുള്ള കൊതിയൂറും മണം അടുക്കളയുടെ ഓട് തുളച്ച്  പറങ്കിമാവിന്‍ ചില്ലകള്‍ക്കിടയിലൂടെ ഞങ്ങളുടെ ആനവണ്ടിയിലേക്കും   പ്രവഹിക്കുന്നുണ്ടായിരുന്നു. കൂട്ടാന്‍ കടുക് വറക്കാനുള്ള ചീനച്ചട്ടി അടുപ്പത്ത് വെച്ച് വെളിച്ചെണ്ണയൊഴിച്ച്   തട്ടിലിരുന്ന കടുക് പാത്രം തപ്പിയ ഉമ്മയുടെ കയ്യില്‍  കിട്ടിയത് കടുകിട്ടുവെക്കുന്ന കാലിയായ പാത്രം   .  "ഓ...ന്‍റെ പടച്ചോനെ ഇതിലൊന്നൂല്ലല്ലോ...." എന്ന ആത്മഗതത്തോടെ  കടുകിന്റെ കാലിപ്പാത്രവും കയ്യില്‍ പിടിച്ച് ഉമ്മറത്തേക്കിറങ്ങി ഉമ്മ നീട്ടി വിളിച്ചു.
മണിയേ...മണിയേയ്....മ്മാന്‍റെ കുട്ടി  അയ്‌ത്ത് കാക്കാന്റെ പീടീപ്പോയി ഒര് അയ്മ്പത് കടുക്  വാങ്ങിക്കൊണ്ടന്നാ..?"

ഞാന്‍: "ഞാനൊറ്റക്കോ..? ഇച്ച് പേടിയാണ്..."

ഉമ്മ : "ഒലക്കന്റെ മൂടാണ്....അന്നെ ആരും പിടിച്ച് മുണുങ്ങൂല.... ഇജ്ജൊരു ആങ്കുട്ടിയല്ലേ...അനക്കും ആയിലെ അഞ്ചാറു വയസ്സ്..?പള്ളിക്കന്ന്  ഇപ്പ വെരുമ്പക്ക് ചോറും കൂട്ടാനും ആക്കണ്ടേ....?നല്ല കുട്ട്യല്ലേ... മ്മാന്റെ കുട്ടി ഒന്ന് ചെല്ല്..."

കടയിലേക്ക് സാധനം വാങ്ങാന്‍  തനിച്ചു പോകുന്നത് അന്ന് ആദ്യമായിട്ടാണ്.

അയ്മ്പത്  കടുക്.......    അയ്മ്പത്  കടുക്......   അയ്മ്പത് ...

മറക്കാതിരിക്കാന്‍ അതുതന്നെ  ഉരുവിട്ട് കൊണ്ട് തിരിഞ്ഞും മറിഞ്ഞും ചുറ്റും നോക്കി വിജനമായ വഴിയിലൂടെ ഞാന്‍ കടയിലേക്ക് നടന്നു.
പേടിച്ചു പേടിച്ച് കടയിലെത്തി.

ആദ്യാനുഭവത്തിന്റെ പേടിയോടെ പരുങ്ങി നില്‍ക്കുമ്പോള്‍   അയ്ത്ത് കാക്ക തന്‍റെ വലിയ കണ്ണുകളുരുട്ടി എന്നെയൊരു  നോട്ടം...
"ജ്ജ്  ഏതാടാ"......?? വലിയ  കറകറ ശബ്ദത്തോടെ ഒരു ചോദ്യവും....

 പേടിച്ച് ഇപ്പൊ മൂത്രമൊഴിക്കും എന്ന അവസ്ഥയിലായി ഞാന്‍.
എങ്ങനെ  ആവാതിരിക്കും?  പഴയ ഹിന്ദി സിനിമാ താരം അമിരേഷ് പുരിയുടെ മുഖവും ശബ്ധവുമാണ് ഐത്ത് കാക്കാന്‍റേത്.

എന്‍റെ കണ്ണുകള്‍ പതിയെ  നിറയാന്‍ തുടങ്ങുന്നു...നെഞ്ചിടിപ്പ് കൂടിക്കൂടി വരുന്നുണ്ട്...മുട്ടുകാലുകള്‍ തമ്മിലിടിക്കാന്‍ തുടങ്ങിയിരിക്കുന്നു... തിരിഞ്ഞോടിയാലോ എന്നുവരെ തോന്നിപ്പോയ നിമിഷം.

"ആരോടാ ങ്ങളീ ഉള്ളാക്കിടണത്...?" എന്ന് ചോദിച്ച് കൊണ്ട്
കടയില്‍ തൂക്കിക്കൊടുക്കാന്‍ നില്‍ക്കുന്ന കുയ്യില്‍പീടിക മയമാലിക്ക  തല ഉയര്‍ത്തി നോക്കി

"അ..അ..ആ....ഇത് ഞമ്മളെ കുഞ്ഞായു കാക്കാന്റെ ഇസ്മാന്റെ ചെറുക്കനല്ലേ....കുട്ട്യേ...ഇജ്ജ് പേടിച്ചോ..?      പേടിച്ചണ്ടട്ടോ....
ഇത് ഞമ്മളെ അയ്ത്ത് കാക്കയല്ലേ...? മൂപ്പര് ഒന്നും കാട്ടൂലട്ടോ"


"ഉം"  ഞാന്‍   തലയാട്ടി

"എന്ത്യേ....ജ്ജ് പോന്നു...?എന്താ അനക്ക് വേണ്ടത്...??" അയ്ത്ത് കാക്ക വീണ്ടും കറകറ ശബ്ദത്തോടെ ...

മറക്കാതിരിക്കാനാണ്  ഉരുവിട്ടുരുവിട്ടു  പോന്നത്....എന്നിട്ടും അപ്പോഴത്തെ   ആ അങ്കലാപ്പിനിടയില്‍ ഞാനതു   മറന്നുപോയിരുന്നു.

എത്ര ആലോചിച്ചിട്ടും മനസ്സിലേക്കു വരുന്നില്ല....

അയ്ത്ത് കാക്കാന്‍റെ വായില്‍ നിന്ന് ഇനിയെന്തെങ്കിലും ചാടുന്നതിന് മുമ്പ്

"ഞ..ഞ...ഞാനിപ്പ വരാ...."എന്നു പറഞ്ഞ് വീട്ടിലേക്കുതന്നെ തിരിഞ്ഞു നടന്നു.

ആലോചിച്ചാലോചിച്ച്  മയമോട്ടി മോല്യേരെ വീട്ടുപടിക്കലെത്തിയപ്പോള്‍ ഓര്‍മ്മവന്നു....കടയിലേക്കു തന്നെ തിരിച്ചോടി....ഓടിക്കിതച്ചെത്തിയ എന്നോട് അയ്ത്ത് കാക്ക ചോദിച്ചു: "എന്താ ന്‍റെ പാലൂക്കാരാ  ജ്ജ് അങ്ങട്ടും ഇങ്ങട്ടും ഈ  മണ്ടണത്....എന്താ അനക്ക് വേണ്ടത്...? ഏ..?"

ഞാന്‍ പറഞ്ഞു: "പ്..പി...പിന്നേയ്...അ....അ..അയ്മ്പത് കിലോം കടുക് ...."

അത് കേട്ടതും തൊട്ടപ്പുറത്ത് നില്‍ക്കുന്ന മയമാലിക്ക ഒരൊറ്റ ചിരി... ഉച്ചത്തിലുള്ള ചിരി...
അയ്ത്ത് കാക്ക എന്നെയും മയമാലിക്കയെയും മാറിമാറി നോക്കി...
പിന്നെ ആ  പരുക്കന്‍ മുഖത്തും ഒരു പുഞ്ചിരി വിരിഞ്ഞു....
ആ പുഞ്ചിരിയും അതികം വൈകാതെ   ഒരു പൊട്ടിച്ചിരിയായി മാറി ..."ഔ...ന്‍റെ പാലൂക്കാരാ...അയ്‌മ്പത് കിലോം കടുക് ഞാനനക്ക് എവിടന്നു എടുത്ത് തരും...ഹാഹാഹാഹ..."

കാര്യം പിടികിട്ടിയില്ലെങ്കിലും ഞാനും  ചിരിച്ചു  അവരോടൊപ്പം...ഒരു നാണം കലര്‍ന്ന ചിരി....

ചിരി ഒരു വിധം ഒതുങ്ങിയപ്പോള്‍  ആടിക്കളിക്കുന്ന തുലാസിന്‍റെ തട്ടില്‍ ഒരു കഷ്ണം പേപ്പര്‍ വിരിച്ച് അതിലേക്ക് അല്പം  കടുക് കോരിയിട്ടു കൊണ്ട്   മയമാലിക്ക  പറഞ്ഞു....
"എട ചെര്‍ക്കാ...അയ്‌മ്പത് കിലോനല്ല.... അയ്‌മ്പത് ഗ്രാമ്....അയ്‌മ്പത് ഗ്രാം കടുക്....കെട്ടോ"
 മയമാലിക്ക പൊതിഞ്ഞു കെട്ടിത്തന്ന കടലാസുപൊതി വാങ്ങുമ്പോഴാണ്  'അയ്മ്പത് "കിലോം" കടുക്' എന്നു   പറഞ്ഞത് വലിയൊരു മണ്ടത്തരമായിരുന്നു എന്ന് മനസ്സിലാകുന്നത്.

"പാലൂക്കാരാ...ഏതായാലും  അയ്മ്പത് കിലോം കടുകൊക്കെ   ഏറ്റീങ്ങാണ്ടല്ലേ  ജ്ജ് പോണത്... ഏറ്റിച്ചടക്കുമ്പോള്‍  ഇത് തിന്നളോണ്ടു കെട്ടോ .... വലിയൊരു മിട്ടായിഭരണിയില്‍ കയ്യിട്ട്  ഒരു നാരങ്ങമിട്ടായി എടുത്ത്   അയ്ത്ത്കാക്ക എനിക്കുനേരെ നീട്ടി ....

നാരങ്ങമിട്ടായി വാങ്ങി ട്രൌസറിന്‍റെ പോക്കറ്റിലിട്ട് അമ്പതു ഗ്രാം  കടുകിന്‍റെ പൊതിക്കെട്ടുമായി  ജീവിതത്തിലെ ആദ്യത്തെ പര്‍ച്ചേസിങ്ങ് പൂര്‍ത്തിയാക്കി  വിചനമായ വഴിയിലൂടെ  ഞാന്‍ വീട്ടിലേക്കോടി.










Monday 27 November 2017

കുഞ്ഞാത്ത

നസീമയെ തനിച്ചാക്കി സീനത്ത് യാത്രയായി....
നെന്മിനിയില് ഒറക്കോട്ടില് കുഞ്ഞുമുഹമ്മദ് ഹാജി(വാപ്പി)യുടെയും  പാലൂക്കാരന് ആസ്യയുടെയും മൂന്നു മക്കളില് മൂത്തതാണ്  സീനത്ത്........
41 വയസ്സായിരുന്നു.
ഇന്ന് രാവിലെ(28/11/2014 വെള്ളിയാഴ്ച) ശക്തമായ ശ്വാസതടസ്സത്തെ  തുടര്ന്ന് വീട്ടില് വെച്ച് തന്നെയായിരുന്നു മരണം....
 സഹോദരന് ഫൈസല്   സൗദി അറേബ്യയിലെ  ജിദ്ദയില് ബുക്സാന് ഹോസ്പിറ്റലില് ജോലിചെയ്യുന്നു. 37 വയസ്സുള്ള സഹോദരി നസീമയും, കുഞ്ഞാത്തയും   കുട്ടിക്കാലം തൊട്ടേ ശാരീരികമായി വൈകല്യം ബാധിച്ചവരാണ്...
രണ്ടു പേരും  സ്കൂളിലും മദ്രസയിലും ഒക്കെ  ഒരു പ്രശ്നവുമില്ലാതെ  പോയിക്കൊണ്ടിരുന്ന കുട്ടികളാണ്  ...ഇടയ്ക്കു വെച്ചുണ്ടായ  ശാരീരിക അസ്വാസ്ത്യമാണ്  കുഞ്ഞാത്തയെയും നസീമയെയും തളര്ത്തിയത്....
ഇരുവരും  ശാരീരികമായി തളര്ന്നവരാണെങ്കിലും,  ആരെയും സ്നേഹിക്കാന് മാത്രം അറിയുന്ന,ഒരു തളര്ച്ചയുമില്ലാത്ത  മനസ്സിന്റെ ഉടമകളായിരുന്നു....
കുടുംബത്തിലെ എല്ലാവരുടെയും  കണ്ണിലുണ്ണികളായിരുന്നു കുഞ്ഞാത്തയും,നസിയും.... അവരെക്കണാന് ആര് ചെന്നാലും  കൈപിടിച്ച്  അടുത്തിരുത്തും ...
എന്നിട്ട്  രണ്ടാളും കൂടി  ഒരുപാട് വിശേഷങ്ങള് ചോദിച്ചറിയും...
 ഇന്ന് കുഞ്ഞാത്തയുടെ വേര്പാട് അറിഞ്ഞു  ആ വീട്ടില് ചെന്ന നൂറുകണക്കിന് ആളുകളോട്  വിശേഷങ്ങള് ചോദിച്ചറിയാന് നസീമ മാത്രമേ ഉണ്ടായിരുന്നുള്ളൂ.....
അതെ, കുഞ്ഞാത്തയുടെ നിഷ്കളങ്കമായ ആ നറുപുഞ്ചിരി ഈ ലോകത്ത് നിന്നും മാഞ്ഞുപോയിരിക്കുന്നു.....
ആ വീട്ടിനുള്ളിലെ ഒരു മുറിയില് രണ്ടു കട്ടിലുകളില് കളിയും,ചിരിയും കുസൃതിത്തരങ്ങളുമായി ഇണക്കിളികളെപ്പോലെയായിരുന്നു കുഞ്ഞാത്തയുടെയും നസിയുടെയും ജീവിതം.....
പാപ പങ്കിലമായ ഈ ലോകത്ത് ഒരു കുഞ്ഞുതെറ്റ് പോലും ചെയ്യാതെ ഇത്രയും കാലം ജീവിച്ച കുഞ്ഞാത്ത ചിറകടിച്ച് പോയത്  സ്വര്ഗ്ഗത്തിലേക്ക് തന്നെ ആയിരിക്കും എന്നതില് സംശയമില്ല....പക്ഷെ  ആ കൂട്ടില് നസീമയെന്ന  കുഞ്ഞിക്കിളി തനിച്ചായല്ലോ എന്നതാണ് സങ്കടം.....ഈ സാഹചര്യത്തിനോട് പൊരുത്തപ്പെടാന് അവള്ക്കും വീട്ടുകാര്ക്കും കഴിയട്ടെ എന്നും.... നാളെ,  ഈ ഇണക്കിളികളൊന്നിച്ചു  പാറിപ്പരിലസിക്കുന്ന  സുരലോകസ്വര്ഗ്ഗത്തില് കടന്നു ചെല്ലാനുള്ള ഭാഗ്യം നമുക്കും ഉണ്ടാവട്ടെ എന്ന് പ്രാര്ഥിക്കാം.....

ഇരട്ടിമധുരം

സകല ലോക സംരക്ഷകനായ സര്വ്വേശ്വരന്  സര്വ്വ സ്തുതുയും സവിനയം സമര്പ്പിച്ച് കൊണ്ട്  ഈ സന്തോഷത്തില് ഞാനും പങ്കു ചേരുന്നു....
      കുസൃതിക്കുടുക്കയായ നാല് വയസ്സുകാരി  റന മോള്ക്ക് പിറകെ    എന്റെ ഫിറോസ് കാക്കുവിനും  ഭാര്യ സജിനക്കും  പടച്ചോന് രണ്ടു തങ്കക്കുടങ്ങളെക്കൂടി  കൊടുത്തിരിക്കുന്നു....ഇരട്ടക്കുട്ടികള്...!!!
ഒരു ആണും ഒരു പെണ്ണും....!!!
വിവാഹം കഴിഞ്ഞു നീണ്ട  പതിനഞ്ചു വര്ഷത്തെ മനമുരുകിയുള്ള കാത്തിരിപ്പിനൊടുവിലാണ്  റനമോള് എന്ന കുസൃതിക്കുടുക്കയിലൂടെ ഇവര്ക്കൊരു കുഞ്ഞിക്കാല് കാണാനായത്...നാലു വര്ഷങ്ങള്ക്കൂടി കഴിഞ്ഞപ്പോള് ഇതാ   വീണ്ടും രണ്ടു തങ്കക്കുടങ്ങളെക്കൂടി....
ഈ അവസരത്തില്   ഈ ലോകത്തോട്  ഞാന് ചിലത്  പറയട്ടെ...
  ഒരു കുഞ്ഞിക്കാലു കാണാനാവാതെ  മനം നൊന്തു കഴിയുന്ന ഈ   രണ്ട്   ഹൃദയങ്ങളെ നല്ലതു പറഞ്ഞു  സ്വാന്തനിപ്പിക്കുന്നതിനു പകരം...
എന്ത്യേപ്പോ...
കല്യാണം കഴിഞ്ഞിട്ട്  കൊറേ ആയല്ലോ... 
ഇതുവരെ ഒന്നും  ആയില്ലേ ....?
എന്താ പ്രശ്നം....??
ആര്ക്കാ കുഴപ്പം... ???
എന്ന് ചോദിച്ച്.... ആ മുറിവേറ്റ  മനസ്സുകളെ വീണ്ടും  വീണ്ടും കീറിമുറിച്ചുകൊണ്ട്  അതില് ആനന്ദം കൊണ്ടിരുന്നത്   എന്തിനായിരുന്നു  ലോകമേ...
കല്യാണം കഴിഞ്ഞത്തിനു ശേഷമുള്ള   ആ നീണ്ട  പതിനഞ്ചു വര്ഷം....അവര് അറിഞ്ഞും അറിയാതെയും അവരുടെ കണ്ണുകളില് നിന്ന് ചുടുകണ്ണീര് ഇറ്റ് വീണുകൊണ്ടിരുന്നു. സമൂഹത്തില് നിന്ന്  എന്തെല്ലാം വിലയിരുത്തലുകള്..?  ഏതെല്ലാം തരത്തിലുള്ള ആക്ഷേപ ശരങ്ങള്....??
എന്തിനായിരുന്നു ആ പാവങ്ങളെ ഇങ്ങനെ കുത്തിനോവിച്ചിരുന്നത് ലോകമേ..
വൃത്തികെട്ട ഈ  ലോകം എന്തൊക്കെപ്പറഞ്ഞാലും....എത്രയൊക്കെ വേധനിപ്പിച്ചാലും.... ആരെയും  ജീവിതത്തില് നിന്ന് അകറ്റാനോ....ആരില് നിന്നും ഓടിയോളിക്കാനോ ഫിറോസ് കാക്കുവും ബേബിയും  തുനിഞ്ഞില്ല... 
നിരന്തരമായ കുടുംബസന്ദര്ശനങ്ങള്.... 
സുഹൃദ് സന്ദര്ശനങ്ങള്..ആ രീതിയില് ജീവിതം മുന്നോട്ടു കൊണ്ടുപോയി.... 
കുട്ടികള് ഇല്ലാതിരിക്കുക എന്നത്  പടച്ചവന് തരുന്ന  ഒരു വലിയ പരീക്ഷണം ആണ്.....അവന്    കൂടുതല് ഇഷ്ടപ്പെടുമ്പോള് കൂടുതല് കൂടുതല് പരീക്ഷണങ്ങള് തന്നു കൊണ്ടിരിക്കും........
ആ സത്യം കാക്കുവും  ഭാര്യയും  തിരിച്ചറിഞ്ഞു....
അവര് പരസ്പര ധാരണയോടെ...പരസ്പര സ്നേഹത്തോടെ  മുന്നോട്ടു പോയി....
അവര് പടച്ചവനുമായി ഹൃദയബന്ധം സ്ഥാപിക്കുകയും പാപമോചനം വര്ദ്ധിപ്പിക്കുകയും ചെയതു....
അവസാനം പടച്ചോന് കനിഞ്ഞിരിക്കുന്നു....പതിനഞ്ചു കൊല്ലം കാത്തിരുന്നിട്ടു കിട്ടിയ  മാണിക്യ കല്ലുകള്..... ഇപ്പൊ  ഒന്നല്ല രണ്ടല്ല മൂന്നെണ്ണം....!!!

ക്ലാസ്മേറ്റ്സ്‌

IQRA'A ARABIC COLLEGE ന്റെ ചുവരുകള്ക്കും, തൂണുകള്ക്കും, ജാലകങ്ങള്ക്കുമെല്ലാം കാണാന്   കണ്ണും, കേള്ക്കാന്  കാതും, ഉരിയാടാന് നാവും  ഉണ്ടായിരുന്നെങ്കില്....ആ  ചാരത്തേക്ക് ഒരിക്കല്ക്കൂടി  ഓടിചെല്ലാമായിരുന്നു.... ആ മടിത്തട്ടില്  ഒന്നുകൂടി  തലചായ്ക്കാമായിരുന്നു .... ഓര്മ്മച്ചെപ്പിനകത്ത്  സൂക്ഷിച്ചു വെച്ച കഥകളോരോന്നും  ഒരു വേളകൂടി   കേട്ടാസ്വദിക്കാമായിരുന്നു.....

എന്റെ കനവുകള്  കരകവിഞ്ഞൊഴുകിയിരുന്ന  കലാലയ ജീവിതം... 
ഇനിയൊരിക്കല്  കാലങ്ങളോളം തപസ്സിരുന്നാലും തിരിച്ചുകിട്ടാത്ത ജീവിതകാലം... 
   
അപരിചിതത്വത്തിന്റെ,പുഞ്ചിരിയുടെ,കൊച്ചു വര്ത്തമാനങ്ങളുടെ,
സ്നേഹത്തിന്റെ, ബഹുമാനത്തിന്റെ, വാത്സല്യത്തിന്റെ, അടുത്തറിയലിന്റെ, പ്രണയത്തിന്റെ,അടക്കം പറച്ചിലുകളുടെ, പൊട്ടിച്ചിരിയുടെ,പരിഹാസച്ചിരിയുടെ,നൈരാശ്യത്തിന്റെ, പ്രതികാരത്തിന്റെ,വിടപറയലിന്റെ  ആ കലാലയക്കാലം...

അനേകായിരം  വികാരങ്ങള് അനുഭവിച്ചറിഞ്ഞ ആ കാലത്തിന്റെ ഓര്മ്മകള് അകതാരില് അടുക്കിപ്പെറുക്കി സൂക്ഷിച്ചു വെച്ചിട്ടുണ്ട് .

നാടിന്റെ നാനാഭാഗത്തു നിന്നും  അറിവിന്റെ ഉറവയും  തേടി 'ഇഖ്റഇന്റെ'   മേല്ക്കൂരയ്ക്കു ചുവട്ടിലേക്ക് നടന്നടുത്തവര്  അറിയാന് കരുതിയതൊന്നും അറിഞ്ഞില്ല.... എന്നാല്  അറിയാത്ത പലതും അറിഞ്ഞു തുടങ്ങുകയായിരുന്നു  എന്നതാണ്  സത്യം .....അറിഞ്ഞു തുടങ്ങുമ്പോഴേക്കും പറിച്ചെറിഞ്ഞതുപോലെ പിരിഞ്ഞിറങ്ങേണ്ടി വന്നു എന്നതും മറ്റൊരു സത്യം ....

IQRA'A ARABIC COLLEGE ല് പ്രിലിമിനറിയുടെ ക്ലാസ് മുറിയിലേക്ക്  കാലെടുത്തു വെച്ച ആദ്യത്തെ ആണ്കുട്ടി ഞാനായിരുന്നു.....

സഫൂറയും, മാജിദയും,മുംതാസ് ബാരികയും,സുനീറയുമടങ്ങുന്ന പത്തോളം വരുന്ന പെണ്പട  'മണ്ടക്കരീമേ'  എന്ന് വിളിച്ചാധരിച്ചു കൊണ്ടാണ് അന്ന്  ആ ക്ലാസിലേക്ക്  ഈയുള്ളവനെ വരവേറ്റത്..
 
ആഴ്ചകളുടെ കാത്തിരിപ്പിനു  ശേഷം  ഇബ്നു വഫ എന്ന കൂട്ടാളിയെ കിട്ടുന്നത്  വരെ ആ പെണ്പടക്ക് മുന്നില്   വെറും പാവത്താനെ പോലെയാണ്  ഞാന് കഴിഞ്ഞുകൂടിയിരുന്നത്.....

പിന്നെപ്പിന്നെ സലീമും, മുഹമ്മദലിയും, മുസ്തഫയും, ഹംസയും,തങ്ങളുമെല്ലാം  വന്നു ചേര്ന്നപ്പോള്   ഞാനൊരു 
പുലി തന്നെയായി മാറുകയായിരുന്നു...
 
ആരെടാന്നു ചോദിക്കുന്നതിനു മുമ്പേ ഞാനെടാന്നു പറയുന്ന ഒരു തന്റേടി ആയിത്തുടങ്ങിയപ്പോഴേക്കും പെണ്പട അവരുടെ അടവുകള് മാറ്റിത്തുടങ്ങി...
എടാ കേരീമേ...എടാ വഫേ...ഞങ്ങളൊക്കെ നിങ്ങളുടെ പെങ്ങന്മാരല്ലേടാ.....നിങ്ങള് ഞങ്ങളുടെ ആങ്ങള മാരല്ലെടാ...

കോളേജ്  ജീവിതത്തിലേക്ക് കാലെടുത്ത്  വെച്ച സമയത്ത്  എന്നെക്കൊണ്ട്  ഇക്ഷ,ഇഞ്ഞ, എന്ന് വരപ്പിച്ച  ആ യക്ഷിപ്പടയിലെ എല്ലാവരും  അങ്ങനെ  പഞ്ചപ്പാവങ്ങളായി മാറി...

അങ്ങനെയങ്ങനെ ഞങ്ങളൊക്കെ  നല്ല ആങ്ങളമാരും നല്ല പെങ്ങന്മാരുമായി ആ കലായാത്തിന്റെ മേല്ക്കൂരക്കുതാഴെ അദ്ധ്യാപകര് പകര്ന്നു തന്ന  അറിവും   നുകര്ന്ന്  കഴിഞ്ഞ് കൂടി 
   
 ശാസിക്കാനും ശിക്ഷിക്കാനും കൂട്ടത്തില്  ആരുംഇല്ലാതിരുന്ന ഞങ്ങള്ക്കിടയിലേക്ക്  ഒരു ഉപദേശിയായി ഏറ്റവും അവസാനം കടന്നു വന്നത് അനീസ് ആയിരുന്നു...അവനൊരു മഹാത്മാ ഗാന്ധിയാണെന്നാണ്  അവന്റെ വിചാരം.... ഞങ്ങള് അത് തിരുത്താനൊന്നും പോയില്ല ...അവന്റെ ഉള്ളില് അങ്ങനെയൊരാഗ്രഹമുണ്ടെങ്കില് അങ്ങനെത്തന്നെയാവട്ടെ എന്ന്  ഞങ്ങളും തീരുമാനിച്ചു....

 

വെറുമൊരു സൗഹൃദ ചിന്ത എന്നതിനപ്പുറം ശരിക്കും ഒരു  സഹോദരചിന്തയായിരുന്നു ഞങ്ങളില് വളര്ന്നത്...ആ ചിന്ത മുളച്ചു തുടങ്ങിയത്  ഇഖ്റഇന്റെ നാല്ച്ചുവരുകള്ക്കുള്ളിലായിരുന്നു.......പല അമ്മമാരുടെ ഗര്ഭപാത്രത്തില് നിന്നും പിറവിയെടുത്ത ഞങ്ങള്  ഒരമ്മപെറ്റ   മക്കളെപ്പോലെ   ഇഖ്റഇന്റെ മടിത്തട്ടില് വളര്ന്നു....

പിന്നീട്  ജീവിതം ഞങ്ങളെ  പലവഴിക്ക്  നയിച്ചു....

യാത്ര പറഞ്ഞിറങ്ങിയതില്പ്പിന്നെ  പല മുഖങ്ങളെയും വര്ഷങ്ങളായിട്ടും   കണ്ടുമുട്ടാന് പോലും കഴിയാതെപോയല്ലോ  എന്ന ദുഃഖം  ഓരോരുത്തരുടെയും ഹൃത്തടത്തില് ഇന്നും  നീറിപ്പുകയുന്നുണ്ട് ....

വല്ലപ്പോഴുമൊക്കെ വഴിവക്കുകളിലോ നാല്ക്കവലകളിലോ വെച്ച്   ചിലരെങ്കിലും  തമ്മില്   കണ്ടുമുട്ടാറുണ്ട്... ആ നിമിഷങ്ങള് വല്ലാത്തതാണ്...  അലറി വരുന്ന കടല് പോലെ ഓര്മ്മകളുടെ തിരതല്ലലില് മനസ്സും...വേര്പിരിയേണ്ടി വന്നതിന്റെ  വേദനയില്   കരകവിഞ്ഞൊഴുകുന്ന  കണ്ണുകളും....

അന്ന് ആ  ഇഖ്റഇന്റെ  കലാലയ മുറ്റത്തുനിന്നു    പല വഴിക്ക്  പിരിഞ്ഞുപോയ ഞങ്ങള്ക്കിന്ന് കാണാമറയത്താണെങ്കിലും  ഈ സൈബര് ലോകത്ത്  വെച്ച്  കണ്ടുമുട്ടാനും   ഒന്നിച്ചിരിക്കാനും നാഥന് ഈയിടെ ഞങ്ങള്ക്കൊരു  വഴി കാണിച്ചു തന്നതിന്റെ   പറഞ്ഞരിയിക്കാനാവാത്തത്ര സന്തോഷത്തിലാണ്  ഞങ്ങളോരോരോത്തരും.... 

കലാലയ ജീവിതത്തിനു ശേഷം ഓരോരുത്തരുടെയും  മസ്സിന്റെ ഓര്മ്മച്ചെപ്പിനകത്ത് സൂക്ഷിച്ചു വെച്ചിരുന്ന ആ സഹോദര ചിന്തക്ക്  ഇന്നീ  സൈബര്ലോകത്ത്  വീണ്ടും മുളപൊട്ടുമ്പോള്...ശരീരം കൊണ്ട് ഒരിക്കലും  പഴയ 'മണ്ടക്കരീമെന്ന' കൌമാരക്കാരനായി  ആ കലാലയമുറ്റത്തേക്ക്  കടന്നു ചെല്ലാന് ഇനിയൊരിക്കലും കഴിയില്ലല്ലോ എന്ന വേദന ഉള്ളിലൊതുക്കി....  കലാലയത്തിന്റെ വരാന്തയിലൂടെ പൊട്ടത്തരങ്ങള് കാട്ടാനും ആര്ത്തുല്ലസിക്കാനുമൊന്നും    പ്രായം ഇനി അനുവധിച്ചെന്ന് വരില്ല.......

 എങ്കിലും  മരണദൂതന്റെ വിളി  എത്തുംമുമ്പേ  കൂടെപ്പഠിച്ചവരുടെ  മുഖങ്ങളെല്ലാം  ഒരിക്കല്ക്കൂടി കണ്ണുനിറച്ചു കാണണമെന്ന അതിയായ ആഗ്രഹത്തോടെ ആ അവസരത്തിനായി കാത്തിക്കട്ടെ...

                                                                       കരീം പാലൂക്കാരന്

Thursday 14 August 2014

പൂര്‍വ്വീകരുടെ ത്യാഗസ്മരണകള്‍....





                                          
                                          
                            1947 ഓഗസ്റ്റ്‌ 15   വെള്ളസായിപ്പന്മാരുടെ ആധിപത്യത്തില്‍നിന്ന്    ഭാരതം പൂര്‍ണ്ണ സ്വാതന്ത്ര്യം നേടിയ സുദിനം....ഓരോ ഭാരതീയനും അഭിമാനത്തിന്‍റെ അവിസ്മരണീയ ചരിത്ര ദിനം...പതിറ്റാണ്ടുകള്‍ നീണ്ട സഹന സമരങ്ങളും പ്രതിഷേധങ്ങളും ജീവത്യാഗവും വഴി ഭാരതീയരുടെ സ്വാതന്ത്ര്യം എന്ന അവകാശം ഫലപ്രാപ്തിയിലെത്തിയ  ആ മഹത്തായ ദിനത്തിന്‍റെ സ്മരണക്കായ്‌  എല്ലാ വര്‍ഷവും ഓഗസ്റ്റ്‌15ന് ഇന്ത്യയില്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം ഇന്ത്യയുടെ ദേശീയ അവധിയാണ്. രാജ്യത്തുടനീളം ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തലും, ഭാരതമോചനത്തിന്  വേണ്ടിയുള്ള പോരാട്ടങ്ങളില്‍  ധീര രക്തസാക്ഷികളായവര്‍ക്ക് ആധരാക്ജ്ഞലികള്‍ അര്‍പ്പിക്കലും ആണ് പ്രധാന പരിപാടി


                ഈ സുന്ദരസുദിനത്തില്‍ എന്‍റെ ചിന്തയില്‍ തെളിയുന്നത്...   സ്വാതന്ത്ര്യ സമര ചരിത്രത്തിന്‍റെ താളുകളിലൊന്നും രേഖപ്പെടുത്തപ്പെടാതെപോയ  കാപ്പ് എന്ന എന്‍റെ ഗ്രാമത്തില്‍ നിന്നും  പിറന്ന നാടിന്‍റെ മോചനത്തിന് വേണ്ടി അങ്ങേയറ്റം  ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്ന  ഒരു  തലമുറയിലെ നിരവധി ധീര യോദ്ധാക്കളുടെ ഓര്‍മ്മകളാണ്.
ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കേണ്ടതായിട്ടുള്ള എത്രയോ വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മണ്ണാണ് എന്‍റെ കാപ്പ്. ഖിലാഫത്തിന്‍റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍...ധീരമായ സമര വഴികളുടെ ആവേശം തുളുമ്പുന്ന കഥകള്‍....സമര്‍പ്പണത്തിന്‍റെ ഭാഗമായി ആയുസ്സിന്‍റെ നല്ലൊരുഭാഗവും  വെള്ളകാരന്‍റെ ജയിലറകള്‍ക്കുള്ളില്‍ കഴിയേണ്ടി വന്നവര്‍....

             പാറമ്മല്‍  മമ്മുവിന്‍റെയും ഇണ്യേച്ചുവിന്‍റെയും മക്കളായ അഹമ്മദ്,അലവി,( ഈ അലവി പുട്ടും ബാപ്പുക്കയുടെ ഉപ്പയാണ് , അഹമ്മദ്മൂത്താപ്പയുമാണ്‌.കാലിച്ചന്തയില്‍ ഇവരുടെ പേരുകേട്ടാല്‍ എല്ലാവര്‍ക്കും പേടിയായിരുന്നുവത്രേ.. ഇവരെ രണ്ടു പേരെയും വെള്ളപ്പട്ടാളം ഒരുമിച്ചാണ് അറസ്റ്റു ചെയ്തു കൊണ്ടുപോയത്.പിന്നീട്  അലവിയെ മാസങ്ങള്‍ക്ക് ശേഷം വിട്ടയച്ചു.)   പാറമ്മല്‍ കുഞ്ഞിപ്പയുടെയും ഇമ്മാച്ചുട്ടിയുടെയും മകനായ മൊയ്തുട്ടി(പാറമ്മല്‍ മുഹമ്മദ്‌ എന്ന കുഞ്ഞാന്‍റെ ഉപ്പ) , ഓട്ടക്കല്ലന്‍ മുഹമ്മദലിയുടെ വല്ലിപ്പ (പേരറിയില്ല),ഏലംകുളയന്‍ മൊയ്തു, ഹൈസ്കൂള്‍പടിയില്‍ താമസിച്ചിരുന്ന  ആട്ടുപ്പാപ്പ, മടത്തൊടിക ഇണ്ണീന്‍ മുസ്ലിയാര്‍ (മടത്തൊടിക ഇന്നീന്‍ മുസ്ലിയാര്‍  പന്ത്രണ്ടു വര്‍ഷത്തെ ജയില്‍ ജീവിതത്തില്‍ നിന്നും കിതാബ് ഒതിപ്പടിച്ചു മുസ്ല്യരായി)  ഇവരുടെയെല്ലാം പേരുകള്‍ കണ്ണൂര്‍ സെണ്ട്രല്‍ ജയിലില്‍ ഖിലാഫത്ത് ലഹളയുടെ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചതായി  രേഖപ്പെടുത്തിയിട്ടുണ്ട്.

                       വെള്ളപ്പട്ടാളക്കാര്‍ പിടിച്ചുകൊണ്ടുപോകുന്ന തടവുപുള്ളികളെ  ജയിനിലുള്ളില്‍  കയ്യും കാലും ചങ്ങലയില്‍ ബന്ധിച്ചു നിരത്തി നിര്‍ത്തുകയും അവര്‍ക്കുള്ള ഭക്ഷണം  ആടുകള്‍ക്ക് തീറ്റ കൊടുക്കുന്ന രൂപത്തില്‍ കപ്പക്കിഴങ്ങിന്‍റെ വള്ളിയും ഇലയും കെട്ടിത്തൂക്കി കൊടുക്കുകയായിരുന്നുവത്രേ....


                  വീടുകളില്‍ സൌന്ദര്യം ഉള്ള   പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ വെള്ളപ്പട്ടാളത്തിന്‍റെ ശ്രദ്ദ പതിയാതിരിക്കാനും  ഉപദ്രവം ഇല്ലാതിരിക്കാനും  വേണ്ടി  മുഖത്തും ശരീരത്തിലും കരിയും മണ്ണും വാരിത്തേച്ചു ഒളിപ്പിച്ചിരുത്തുകയായിരുന്നുവത്രേ.....
                   സ്വന്തം കൂട്ടുകുടുംബവും  നാടും വീടും  വിട്ടു അന്തമാനിലേക്ക് നാട് കടത്തി.... എന്നിട്ടുപോലും പിറന്ന നാടിനെ  ഒറ്റിക്കൊടുക്കാത്ത ധീരന്മാരുടെ രേഖപ്പെടുത്തപ്പെടാത്ത വീരേതിഹാസങ്ങള്‍ ഉറങ്ങുന്ന മണ്ണാണ് എന്‍റെ കാപ്പ്. ,  


               പിറന്ന നാടിനു വേണ്ടി ഇത്രയൊക്കെ ത്യാഗങ്ങള്‍ സഹിച്ചിട്ടും  ചരിത്രത്തിലൊരിടത്തുപോലും ഇവര്‍ ഒരാളും പരാമര്‍ശിക്കപ്പെട്ടില്ല .ഇവരെക്കുറിച്ചുള്ള ചരിത്രങ്ങളൊന്നും ഒരു രേഖയിലും കണ്ടെത്താനാവില്ല .ഇവരെക്കുറിച്ച് നമുക്ക് ലഭിക്കാവുന്നത് ഇവരുടെ പിന്‍തലമുറക്കാരില്‍ നിന്നുള വാമൊഴികള്‍ മാത്രം

     സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ വീരസ്മരണകളുമായി ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ ചരിത്രമൂല്യം പുതുതലമുറയ്ക്ക് പകര്‍ന്നുകൊണ്ട് നിറപ്പകിട്ടാര്‍ന്ന പരിപാടികളുമായി ഇന്ത്യന്‍ ജനത ഓഗസ്റ്റ്‌15  സ്വാതന്ത്ര്യ ദിനമായി കൊണ്ടാടുന്നു....എന്‍റെ പൂര്‍വീകരുടെ ത്യാഗസ്മരണകള്‍ നെഞ്ചോടു ചേര്‍ത്തുകൊണ്ട് അഭിമാനത്തോടെ ഞാനും പങ്കാളിയാവുന്നു ഈ സ്വാതന്ത്ര്യ ദിനത്തില്‍.....

Tuesday 12 August 2014

ജന്മനാടിന്‍റെ ചരിത്രത്തിലേക്കുള്ള കേളികൊട്ട്....

              രുഭൂമിയുടെ വിരിമാറിലൂടെ ചൂളമടിച്ചുകൊണ്ട് വീശിയടിക്കുന്ന ചുടുകാറ്റിനെ വകഞ്ഞുമാറ്റി  അനേകായിരം പ്രവാസികളെപ്പോലെ  ഞാനും  കാതോര്‍ക്കുന്നത് പിറന്ന നാടിന്‍റെ ഹൃദയമിടിപ്പറിയാനാണ്... നാട്ടിലുള്ളവരുടെ സന്തോഷത്തില്‍ ആഹ്ലാദിക്കുകയും ദുഖങ്ങളില്‍ വിഷമിക്കുകയും ചെയ്യുന്ന പ്രയാസിയുടെ മനോനൊമ്പരങ്ങള്‍ അധികമാരും മനസ്സിലാക്കാറില്ല .....
   പെറ്റമ്മയെപ്പോലെ ഞാന്‍ സ്നേഹിക്കുന്ന എന്‍റെ നാട്ടില്‍ നിന്ന്  ഈ
  പ്രവാസജീവിതം  എന്നെ  എത്രകാലം അകറ്റി നിര്‍ത്തിയാലും എന്‍റെ നാടിനെക്കുറിച്ച് ആ നാടിന്‍റെ നന്മയെക്കുറിച്ച് ഞാന്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കും.....

                   എന്‍റെ യുവത്വത്തിന്‍റെ കരുത്ത് കൂടുതാലായി അനുഭവിച്ചത്...ഈ അറേബ്യന്‍ മണല്‍ത്തരികള്‍ തന്നെയായിരിക്കാം....എന്ന് കരുതി എനിക്ക് ജന്മം നല്‍കിയ എന്‍റെ നാടിനു എന്നോട് മുഖം തിരിക്കാനാവില്ല.....കാരണം ആ പൊടിമണ്ണിലും ചരലിലും ചേറിലും വീണുരുണ്ടാണ് ഞാന്‍ വളര്‍ന്നത്‌...അവിടത്തെ കുളങ്ങളിലെ ഓളപ്പരപ്പുകളില്‍ നീന്തിത്തുടിച്ചാണ് ഞാന്‍ വളര്‍ന്നത്‌....അതുകൊണ്ടുതന്നെ കുന്നുകളും, ചരിവുകളും,  പാറക്കൂട്ടങ്ങളും, തോടുകളും അതിരിടുന്ന  പിറന്നനാടിന്‍റെ ഹൃദയസ്പന്ദനം അറിയാന്‍ വേണ്ടിയാണ് ഞാന്‍ എപ്പോഴും കാതു കൂര്‍പ്പിക്കുന്നത്


                  

              അധികം വൈകാതെ    കാപ്പ് എന്ന  ഗ്രാമത്തിന്‍റെ പേരില്‍   ഒരു ചരിത്രം കുറിക്കപ്പെടാനുള്ള   കേളികൊട്ട് തുടങ്ങിക്കഴിഞ്ഞു....


             ഇവിടെ  അക്ഷരലോകത്തുനിന്നു അകന്നു നിന്ന ഒരു ജനതയെ അറിവിന്‍റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു ഗ്രാമീണ കലാലയമുണ്ട്.  ബഹുമാനപ്പെട്ട പുത്തംകോട് ഐത്ത് ഹാജിയുടെ മഹനീയ കരങ്ങളാല്‍  നിര്‍മ്മിച്ച്‌ .രണ്ടു അദ്ധ്യാപകരെ ജോലിക്ക് നിയമിച്ചുകൊണ്ട്  തുടക്കം കുറിച്ച ഒരു ചെറിയ പള്ളിക്കൂടം.
             പെരിന്തല്‍ മണ്ണയിലെ ഏനിക്കുട്ടി മാസ്റ്റര്‍,പട്ടിക്കാട് പുളിയക്കാട്ടു കുഞ്ഞാലന്‍ മാസ്റ്റര്‍, മേലാറ്റൂര്‍ ഇണ്ണീന്‍ മാസ്റ്റര്‍,വെട്ടത്തൂര്‍ പക്യാമു മാസ്റ്റര്‍, വെട്ടത്തൂര്‍ കുഞ്ഞാപ്പ മാസ്റ്റര്‍ തുടങ്ങിയ ഒരുപറ്റം അധ്യാപകര്‍  നട്ടു നനച്ചു വളര്‍ത്തിയ GMUPസ്കൂള്‍  എന്ന ആ മഹത്തായ വിദ്യാലയം ഇന്ന് വിദ്യാഭ്യാസ മുന്നേറ്റ വിപ്ലവത്തിന്‍റെ ചരിത്രം രചിച്ചു കൊണ്ട് ഹൈസ്കൂള്‍ എന്ന വലിയ പദവി കരസ്ഥമാക്കിയിരിക്കുകയാണ്.

Thursday 24 July 2014

കുഞ്ഞോക്കര് മൂത്താപ്പ

                          കുഞ്ഞോക്കര്‍ മൂത്താപ്പ 

                       മനസ്സാകുന്ന പുസ്തകത്തില്‍   തെളിച്ചമുള്ളതും മങ്ങിത്തുടങ്ങിയതും ദുര്‍ഭലപ്പെട്ടുതുടങ്ങിയതുമായി ഓര്‍മ്മകളുടെ ആയിരക്കണക്കിന്ചിത്രങ്ങള്‍ ഒട്ടിച്ചു വെച്ചിട്ടുണ്ട്...
 
                     കുഞ്ഞിക്കാലുകള്‍ കൊണ്ട് ജീവിതത്തിലേക്ക് പിച്ചവെച്ച് തുടങ്ങിയതു മുതല്‍..... കടലോളം സ്നേഹം തന്ന ഒത്തിരിയൊത്തിരിയാളുകള്‍.....ഒരു കുന്നിമണിയോളമെങ്കിലും തിരിച്ചു കൊടുക്കാന്‍  കഴിയും മുമ്പേ..... ഇനിയൊരിക്കലും കണ്ടുമുട്ടാനിടയില്ലാത്തിടത്തേക്ക് യാത്രയായിരിക്കുന്നു.
                  ഒറ്റക്കിരുന്നു കൊണ്ട് ഞാനെന്‍റെ മനസ്സാകുന്ന പുസ്തകത്തിന്‍റെ  താളുകള്‍ മറിക്കുമ്പോള്‍ പിന്നിട്ട ജീവിതത്തിലെ അവരുടെ പുഞ്ചിരിക്കുന്ന   മുഖങ്ങള്‍  എന്‍റെ കണ്മുന്നിലെക്കിറങ്ങി വരാറുണ്ട്..... അവര്‍ എന്നെനോക്കിചിരിക്കുകയോ,കരയുകയോ, സംസാരിക്കുകയോ ഒക്കെ ചെയ്യാറുണ്ട്.......
              ഇപ്പോള്‍ എന്‍റെ മനസ്സില്‍ തെളിഞ്ഞു വരുന്ന മുഖം  മറ്റാരുടെയുമല്ല......എന്‍റെവല്യുപ്പാന്‍റെ അനുജനായ കുഞ്ഞോക്കര് എളാപ്പാന്‍റെ ആ പുഞ്ചിരിക്കുന്ന മുഖമാണ്.


             സന്താനഭാഗ്യമില്ലാത്തതുകൊണ്ട്   സ്വന്തം സന്താനങ്ങള്‍ക്ക് നല്‍കേണ്ട വാത്സല്യം തനിക്കു ചുറ്റും ജീവിക്കുന്ന കുട്ടികള്‍ക്കും യുവാക്കള്‍‍ക്കുമായി  ‍പകുത്തു നല്‍കി അവരെയൊക്കെ   സ്വന്തം മക്കളെപ്പോലെ അല്ലെങ്കില്‍ അതിലും ഉപരിയായി സ്നേഹിച്ചു കൊണ്ട് ഒരു നാടിന്‍റെ മുഴുവന്‍ ‍ആദരവും പിടിച്ചുപറ്റി ഒരു പതിറ്റാണ്ട് മുമ്പ്  വിടപറഞ്ഞുപോയ പാലൂക്കാരന്‍ കുഞ്ഞിപ്പോക്കര്‍ ഹാജിയെന്ന കാപ്പുകാരുടെ സ്വന്തം മൂത്താപ്പ....
                     പാലൂക്കാരന്‍ സൈതാലിയുടെയും  വൈഞ്ഞിരി ഇയ്യാത്തുട്ടിയുടെയും ഏഴു മക്കളില്‍ നാലാമത്തെ മകനായി 1914 ലാണ്  കുഞ്ഞിപ്പോക്കാര്‍ ഹാജിയുടെ ജനനം. അതായത് 1921 ലെ ഖിലാഫത്ത് യുദ്ധകാലത്ത് അദ്ദേഹത്തിന്‍റെ പ്രായം ഏഴു വയസ്സാണ് എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതാണ്....സഹോദരങ്ങളെപ്പോലെത്തന്നെ കൃഷിയോടൊപ്പം കച്ചവടത്തിലും മൂപ്പര്‍ക്ക് വലിയ താല്‍പര്യമായിരുന്നു. ചെറുപ്പം മുതല്‍ തന്നെ ചായക്കച്ചവടമാണ് അദ്ദേഹം ജീവിത മാര്‍ഗ്ഗത്തിനു വേണ്ടി തിരഞ്ഞെടുത്തത്. ഏകദേശം 70കൊല്ലങ്ങള്‍ക്ക് മുമ്പ് 1940 കാലഘട്ടത്തിലാണ്  കാപ്പിലങ്ങാടിയില്‍ തന്‍റെ സഹോദരങ്ങളുടെയെല്ലാം സഹായത്തോടെ കുഞ്ഞോക്കരാജി ഒരു ചായമക്കാനി സ്ഥാപിച്ചത്....ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാനം വരെയും വ്യാപാര രംഗത്ത് പേരെടുത്ത അങ്ങാടിയായിരുന്ന കാപ്പിലങ്ങാടിയിലെ  അദ്ദേഹത്തിന്‍റെ ചായമക്കാനി പരിസര പ്രദേഷങ്ങളിലെല്ലാം  അറിയപ്പെട്ടിരുന്നു.
               കുഞ്ഞോക്കരാജിയുടെ   ജേഷ്ടനായ  കുഞ്ഞായു ഹാജി  വല്ലത്തൊടി ആലി കാക്കയില്‍ നിന്നും വാങ്ങിയ സ്ഥലത്താണ്  ചായമക്കാനി നിര്‍മ്മിച്ചത്.
 
                ഇതിനു പകരം അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഓലംപുല്ല് എന്നസ്ഥലം 1942 ല്‍ ‍കുഞ്ഞായു ഹാജിക്ക് വീട് വെക്കാനായി കൊടുക്കുകയും ചെയ്തു.
          പാലൂക്കാരുടെ കുടുംബത്തില്‍ നിന്നും ആദ്യമായി ഹജ്ജിനു പോയതും കുഞ്ഞിപ്പോക്കാര്‍ ഹാജി തന്നെയായിരുന്നു.1947ല്‍  (ഹിജ്റ 1366 ) ലാണ് അദ്ദേഹം ഹജ്ജിനു പോയത് ...ആറു മാസം കഴിഞ്ഞു മാത്രം തിരിച്ചെത്താന്‍ കഴിയുന്ന ആ തീര്‍ഥാടനത്തിന്‍റെ യാത്രഅയപ്പ് അത്യധികം വികാര ഭരിതമായിരുന്നു....കാപ്പിലെ പള്ളിപ്പടിയില്‍  നിന്നും  കൂട്ടബാങ്ക് മുഴക്കിയത്തിനു ശേഷമാണ് യാത്ര പുറപ്പെട്ടത്‌... ഹജ്ജിനു വേണ്ടി പുറപ്പെട്ടിറങ്ങിയതാണെങ്കിലും ഇവിടേക്ക്തന്നെ തിരിച്ചെത്തും എന്ന് ഒരു ഉറപ്പുമില്ലാത്തത് കൊണ്ട് കൂട്ട ബാങ്കിന് ശേഷം നാട്ടുകാരുടെയും കുടുംബക്കാരുടെയും കൂട്ട നിലവിളിയായിരുന്നു.... കാര്യവട്ടം വരെ കാല്‍നടയായും അവിടെ നിന്ന് കാള വണ്ടിയിലും പിന്നെ തീവണ്ടി വഴി ബോംബെയിലെത്തി അവിടെ നിന്ന് കപ്പല്‍ മാര്‍ഗ്ഗം ജിദ്ദയിലേക്കും  ആയിരുന്നു  ആ ഹജ്ജുയാത്ര....
         ഹജ്ജു കഴിഞ്ഞു ആറു മാസങ്ങള്‍ക്ക് ശേഷം കുഞ്ഞിപ്പോക്കര്‍ ഹാജിയായി കാപ്പില്‍ തന്നെയുള്ള കാപ്പുപറമ്പിലെ തറവാട്ടുവീട്ടില്‍ തിരിച്ചെത്തി;
 
        അന്നത്തെ ദിവസം   ഒരു ഉത്സവപ്രതീതിയായിരുന്നു...കാപ്പ്പറമ്പ് എന്ന തറവാട്ടുവീട്ടില്‍ അയല്‍വാസികളുടെയും , കുടുംബക്കാരുടെയും തിരാക്കയിരുന്നു ...ആ തിരക്കിനിടയില്‍  കുഞ്ഞിപ്പു ഹാജിയുടെ  കുട്ടി ബാപ്പുവിനെയും,കുഞ്ഞായു ഹാജിയുടെ കുട്ടി  ചെറിയ മയമദിനേയും കാണാതായി,അഞ്ചു വയസ്സുള്ള ഈ രണ്ടു ആണ്‍കുട്ടികളെയും എവിടെയും കാണാതെ വന്നപ്പോള്‍ എല്ലാവരും പേടിച്ചു.   എല്ലാവരും കുറെ തിരഞ്ഞു....ഒരുപാട് നേരത്തെ തിരച്ചിലിനൊടുവില്‍ അവരെ കണ്ടുകിട്ടി....ഹജ്ജിന്റെ മടക്കയാത്രയില്‍ കുഞ്ഞോക്കരാജി  കൊണ്ട് വന്ന കാരക്കയും പലഹാരങ്ങളും എടുത്തുവച്ചത് തറവാട്ടിലെ പത്തായത്തിലായിരുന്നു...ഈ രണ്ടു കുട്ടികളും  പത്തായത്തിനകത്തിരുന്നു ആ കാരക്കയും പലഹാരങ്ങളും അകത്താക്കുകയായിരുന്നുവത്രേ...
    
        ഹജ്ജ് കഴിഞ്ഞു വന്നതിനു ശേഷമാണ് അദ്ദേഹം വിവാഹിതനായത്.....
            മണ്ണാര്‍മലയിലെ അറബി  നഫീസയെയാണ് കുഞ്ഞിപ്പോക്കര്‍ ഹാജി വിവാഹം കഴിച്ചത്.കുഞ്ഞിപ്പോക്കര്‍ ഹാജിയെ നാട്ടുകാര്‍ മൂത്താപ്പ എന്ന് വിളിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ നഫീസയെ  അവര്‍ മൂത്തമ്മ എന്നുതന്നെയാണ്  സ്നേഹത്തോടെ വിളിച്ചത്.
              മൂത്തമ്മാക്ക് തന്‍റെ ആദ്യവിവാഹത്തില്‍ രായീന്‍ എന്ന ഒരു മകനുണ്ട്....
          കുഞ്ഞിപ്പോക്കാര്‍ ഹാജിയുടെയും നഫീസയുടെയും ദാമ്പത്യവല്ലരിയില്‍  മക്കളുണ്ടായിട്ടില്ല...ആ ദുഖം തീര്‍ക്കാന്‍ വേണ്ടി ഒരു കുഞ്ഞിനേയും ഉമ്മയെയും അവര്‍ ദത്തെടുത്തു.സ്വന്തം  തീരുമാനപ്രകാരം പുതുതായി ഇസ്ലാംമതം സ്വീകരിച്ച പുത്തംകോട് നഫീസഇണ്ണി എന്നവരുടെ മകള്‍ കദീജയെയും അവളുടെ ബഷീര്‍ എന്ന നാല്‍പത് ദിവസം പ്രായമുള്ള കുഞ്ഞിനെയുമാണ് മൂത്താപ്പയും മൂത്തമ്മയും കൂടി ദത്തെടുത്തു വളര്‍ത്തിയത്.
ചായമക്കാനിയോടു ചേര്‍ന്നുള്ള അദ്ദേത്തിന്റെ വീട്ടില്‍ തന്നെയാണ് അവരെ താമസിപ്പിച്ചത്.എനിക്ക് ഓര്‍മ്മയുള്ള കാലംമുതല്‍ മൂത്താപ്പ,മൂത്തമ്മ,കൈജാത്ത,ബഷീര്‍, ഈ നാല് അംഗങ്ങളായിരുന്നു ഈ വീട്ടിലെ താമസക്കാര്‍,  മൂത്താപ്പയുടെ ചായപ്പീടികയും വീടും അടങ്ങുന്ന ആ ഇരുനിലക്കെട്ടിടം ആറു പതിറ്റാണ്ടുകാലം കാപ്പ് പള്ളിപ്പടിയില്‍ പ്രൌഡിയോടെ തലുയര്‍ത്തിനിന്നിരുന്നു.
 
              വെള്ളപ്പവും,ഇറച്ചിക്കറിയും,നെയ്യപ്പവും, ഉണ്ടയും ഇത്രയും പലഹാരങ്ങളെ മൂത്താപ്പയുടെ കടയില്‍ ഞാന്‍ കാണാറുള്ളൂ.....സ്ട്രോങ്ങ്‌ ചായയും, ലൈറ്റ് ചായയും,മീഡിയം ചായയും ചോദിക്കുന്നവര്‍ക്ക് മൂത്താപ്പാന്റെ വകയായി നല്ല ചുട്ട മറുപടിയായിരിക്കും ലഭിക്കുക....വെള്ളം തിളപ്പിക്കുന്ന  സമാവറിനു മുകളിലെ കുഞ്ഞിക്കുടുക്കയിലെ  പാലും സമാവറിനു മുകളില്‍ന്നെയുള്ള ഓട്ടയില്‍ ഇറക്കിവെച്ച പാട്ടയിലെ   ചായ സഞ്ചിയിലൂടെ  ഒഴിക്കുന്ന തിളച്ച വെള്ളവും പഞ്ചസാരയും ചേര്‍ത്തു ഒരു ചായ അങ്ങോട്ട്‌ തരും നല്ല മനസ്സുള്ളവര്‍ക്ക് അത് കുടിക്കാം അതായിരുന്നു മൂത്താപ്പയുടെ ഒരു രീതി....
    
               മദ്രസയിലും,സ്കൂളിലുമൊക്കെ പോയിരുന്ന സമയത്ത് ഞാനും അവിടെ നിന്ന് ഒരുപാട് അകത്താക്കിയിട്ടുണ്ട്‌.... പാലും പഞ്ചസാരയും ഒഴിച്ച വെള്ളപ്പമോ അല്ലെങ്കില്‍ നെയ്യ പ്പവും,വെള്ളച്ചായയുമോ...ഇതൊക്കെ എത്രയോ പ്രാവശ്യം ഞാന്‍ മൂത്താപ്പയുടെ കയ്യില്‍നിന്നും വാങ്ങിക്കഴിച്ചിട്ടുണ്ട്......അതിന്‍റെയെല്ലാം രുചി ഇപ്പോഴും  എന്‍റെ നാവിലുണ്ട്.....
                2000-2001 വര്‍ഷമായപ്പോഴേക്കു കച്ചവടമൊക്കെ നിര്‍ത്തിയിരുന്നു.....വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളും ശാരീരിക അസ്വാസ്ഥ്യങ്ങളും തന്നെയാണ് കച്ചവടമൊക്കെ നിര്‍ത്തി വിശ്രമത്തിലേക്ക് തിരിയാന്‍ കാരണം....അസുഖം മൂര്‍ച്ചിച്ച സമയത്താണ് മൂത്താപ്പയുടെ ചായമാക്കാനിയും മറ്റു മൂന്നു പീടികറൂമുകളും,അവര്‍ താമസിച്ചിരുന്ന വീടും ഉള്‍പ്പെടുന്ന ആ കെട്ടിടവും സ്ഥലവും ...ആദ്ധേഹത്തിന്‍റെയും ഭാര്യ നഫീസയുടെയും മരണശേഷം പള്ളിയിലേക്ക് കൊടുക്കണമെന്ന് നാട്ടിലെ കാരണവന്മാരോടും കുടുംബങ്ങളോടും വസ്വിയ്യത്ത് ചെയ്തു.
 
 
 
 
 
 
           
അങ്ങനെ കാപ്പിലെ പള്ളിപ്പടിയില്‍  7 പതിറ്റാണ്ടോളം സ്നേഹത്തിന്‍റെയും
വാത്സല്യത്തിന്‍റെയും വെളിച്ചം വിതറിയ  മൂത്താപ്പയെന്ന ആ റാന്തല്‍ വിളക്ക്   അണഞ്ഞുപോയി.........
ആരെയും വെറുപ്പിക്കാതെ...
ആര്‍ക്കും ഒരു ഭാരമാവാതെ....
 
             2002 ഡിസംബര്‍ 1 (ഹിജ്റ 1423 റമദാന്‍ 26 )വൈകുന്നേരം  6 മണിക്ക് (അഥവാ ഇരുപത്തി ഏഴാംരാവില്‍ ) ആയിരുന്നു കുഞ്ഞിപ്പോക്കര്‍ ഹാജിയുടെ മരണം...സ്വന്തം മക്കളില്ലെങ്കിലും നാട്ടുകാരും അയല്‍വാസികളും കുടുംബക്കാരും എല്ലാം റമദാനിലെ ഇരുപത്തി ഏഴാം രാവായിട്ടു പോലും മൂത്താപ്പയുടെ മരണ സമയത്ത്  ആവീട്ടില്‍ തിങ്ങി നിറഞ്ഞിരുന്നു . കാപ്പ് ജുമാമസ്ജിദിലെ അന്നത്തെ ഖാസിയായിരുന്ന  KM അബ്ദുള്‍ഖാദര്‍ മുസ്ലിയാര്‍ അടക്കമുള്ള നാട്ടിലെ കാരണവന്മാര്‍  മരണ സമയത്ത് തല്‍ഖീന്‍ ചൊല്ലിക്കൊടുത്തു കൊണ്ട് അടുത്തു തന്നെയുണ്ടായിരുന്നു.....
              ജീവിത കാലത്ത്  എല്ലായ്പോഴും ദിക്ര്‍മാലയില്‍ ദിക്ര്‍ ചൊല്ലാറുള്ള ശീലമുള്ളത് കൊണ്ടായിരിക്കാം....  മരണം ആസന്നമായ സമയത്തും ദിക്ര്‍ മാലയിലെ മണികള്‍ മറിച്ചുകൊണ്ടിരിക്കുന്നത് പോലെ കൈ വിരല്‍കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു....എല്ലാവരും നിറകണ്ണുളോടെ  നോക്കിനില്‍ക്കെ മൂത്താപ്പയുടെ കൈ വിരലുകളിലെ  ആ ചലനം   നിലച്ചു.....





                             ഞാനെന്‍റെ മനസ്സിനുള്ളില്‍ ഒട്ടിച്ചുവെച്ച ഓർമ്മകളുടെ ചിത്രങ്ങള്‍ക്കിടയില്‍  തെളിച്ചത്തോടെ ഇന്നും നില്‍ക്കുന്നു.....സ്നേഹ വാത്സല്യങ്ങള്‍ മാത്രം സമ്മാനിച്ച് വിട്ടകന്നുപോയ  മൂത്താപ്പയുടെ  പുഞ്ചിരിക്കുന്ന ചിത്രം ...
                                                                                  കരീം പാലൂക്കാരന്‍

 

Monday 7 July 2014

'കുപ്പിലങ്ങാടി' അഥവാ "കാപ്പിലങ്ങാടി"

    

          'കുപ്പിലങ്ങാടി' അഥവാ "കാപ്പിലങ്ങാടി"

            
ഞങ്ങള്‍ 'കാപ്പുകാര്‍' ഞങ്ങളുടെ നാടിനെക്കുറിച്ച് പറയാന്‍ തുടങ്ങിയാല്‍...കേട്ട് നില്‍ക്കുന്നവന്‍ അതില്‍ നിന്നും തടിയൂരാന്‍ ഒരു പക്ഷെ ഒരു നേര്‍ച്ച തന്നെ നേരെണ്ടി വരും... വള്ളുവനാട്ടിലെ ഒരു സാധാരണ ഗ്രാമം എന്നതിലപ്പുറം ഈ ഗ്രാമത്തിനു
ഒരു പ്രത്യേകതയുമില്ലെന്നായിരിക്കും കേട്ട് നില്‍ക്കുന്നവന്‍റെ ധാരണ.......എന്നാല്‍ കാഴ്ചയില്‍ ചെറിയൊരു ഗ്രാമമാണെങ്കിലും ഈ പ്രദേശത്തിനു പറയാനുള്ളത് നൂറ്റാണ്ടുകള്‍ക്കുമ...
പ്പുറം തൊട്ടുള്ള കഥകളാണ്.
എന്‍റെ ഗ്രാമമായ "കാപ്പിലങ്ങാടി" യെക്കുറിച്ച് കേരള ഗവര്‍ണ്‍മെണ്ടിന്‍റെ A Descriptive Memoir of Malabar എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത് നോക്കൂ...

“A road to the Eastward strikes off from the former in Vengoor Dasum 4.5 miles from Angadippoorum, it meanders ESE by Kuppel Angady in Vellatoor Dasum, Passes through Alunellor and Kotapudeum Dasums,……….” (A Descriptive Memoir of Malabar Page: 165-166 Chapter Ward and Conner, Published in 1906 by Govt of Kerala) It gives a clear picture of this area in 1824

വേങ്ങൂര്‍ ദേശത്തിനും, കൊട്ടോപാടം ദേശത്തിനുമിടയിലുള്ള വെട്ടത്തൂരിലെ 'കുപ്പിലങ്ങാടി' അഥവാ ഇന്നത്തെ കാപ്പിലങ്ങാടി....പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ മധ്യകാലം വരെ പെരിന്തല്‍മണ്ണയും അലനലൂരും കഴിഞ്ഞാല്‍ പിന്നെയുള്ള ഒരു വ്യാപാര കേന്ദ്രം കാപ്പിലങ്ങാടിയായിരുന്നു എന്നതു ഇപ്പോഴത്തെ തലമുറക്ക് പുതിയ അറിവാണ്.